Kerala
കോട്ടയം: രാഷ്ട്രത്തിനും സമൂഹത്തിനും കഴിഞ്ഞ 140 വർഷമായി ദീപിക നൽകുന്ന സേവനം നിസ്തുലമാണെന്ന് ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണൻ. ദീപകയുടെ ശതോത്തര റൂബി ജൂബിലി ആഘോഷങ്ങൾ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ടപതി.
സത്യത്തിന്റെയും ധർമത്തിന്റെയും പാതയിലൂടെയുള്ള പത്ര പ്രവർത്തനമാണ് ദീപികയുടെ പ്രത്യേകതയെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. സാമുദായിക സൗഹാർദത്തിനും വിദ്യാഭ്യാസ പുരോഗതിക്കും ദീപിക തുടക്കം മുതൽ സംഭാവന നൽകി. മാതൃകാപരമായ പത്രപ്രവർത്തനം ഇനിയുമേറെ നൂറ്റാണ്ടുകൾ തുടരാൻ ദീപികയ്ക്കു കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ദീപികയുടെ മാധ്യമപ്രവർത്തനം സമൂഹത്തിനു ചാലക ശക്തിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ദീപിക ഉയത്തുന്ന സാമൂഹ്യവിഷയങ്ങൾ പ്രത്യേകിച്ച് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിച്ചവർക്കുള്ള ദീപിക എക്സലൻസ് അവാർഡുകൾ ഉപരാഷ്ട്രപതി സമ്മാനിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ് സ്വാഗതം ആശംസിച്ചു.
നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രി മോന്‍സ് ജോസഫ്, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചീഫ് എഡിറ്റര്‍ ഫാ. ഡോ. ജോര്‍ജ് കുടിലില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്ക് ഉപരാഷ്ട്രപതി ദീപിക എക്സലൻസ് അവാർഡും കൈമാറി.
ഡോ. അജിത് ജോയി ( ചെയർമാൻ, ഡിഡിഎൻഎംആർസി പ്രൈവറ്റ് ലിമിറ്റഡ്-എക്സലൻസ് അവാർഡ് ഇൻ ന്യുക്ലിയർ മെഡിസിൻ), ഫാ. ഡോ. ബിനോ ചേരിയിൽ ഒഎസ്ബി(മാനേജർ, കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ-എക്സലൻസ് അവാർഡ് ഇൻ സ്കൂൾ എഡ്യുക്കേഷൻ), ഡോ. ഒ.ടി. ജോർജ്(ചീഫ് കൺസൾട്ടന്റ് ഇൻ ഓർത്തോപീഡിക്സ്, ആർത്രോസ്കോപി ആൻഡ് ആർത്രോപ്ലാസ്റ്റി സർജറി, തൊടുപുഴ), ജിബിൻ ബിനു ജോസഫ്(ചെയർമാൻ, സെയ്ക് കൺസൾട്ടന്റ്, കോട്ടയം- എക്സലൻസ് അവാർഡ് ഇൻ എത്തിക്കൽ മൈഗ്രേഷൻ), ഫാ. ഡോ. ബിനു കുന്നത്ത്(സിഇഒ ആൻഡ് ഡയറക്ടർ ഓഫ് കാരിത്താല്‍ ഹോസ്പിറ്റൽ ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസസ് തെള്ളകം, കോട്ടയം-എക്സലൻസ് അവാർഡ് ഇൻ ഹെൽത്ത് കെയർ), ഷൈജു കെ. ജോർജ്(മാനേജിംഗ് ഡയറക്ടർ ജി.കെ. ഗ്രൂപ്പ് ബംഗളൂരു-എക്സലൻസ് അവാർഡ് ഇൻ സോഷ്യൽ കമിറ്റ്മെന്റ്), പി.യു. തോമസ്(മാനേജിംഗ് ട്രസ്റ്റി നവജീവൻ, കോട്ടയം-എക്സലൻസ് അവാർഡ് ഇൻ ഗുഡ് സമരിറ്റൻ), ലിസ്റ്റിൻ സ്റ്റീഫൻ(കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി, കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ്- എക്സലൻസ് അവാർഡ് ഇൻ ഫിലിം പ്രൊഡക്ഷൻ), ഷിജോ കെ. തോമസ്( ഓക്സിജൻ ഗ്രൂപ്പ് സിഇഒ- എക്സലൻസ് അവാർഡ് ഇൻ മെഷിനറി എന്റർപ്രണർഷിപ്പ്, എസ്. രാജശേഖരൻ നായർ( സിഎംഡി, ഉദയ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, കോവളം-എക്സലൻസ് അവാർഡ് ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി) എന്നിവർക്കാണ് ദീപിക എക്സലൻസ് അവാർഡ് ലഭിച്ചത്.
Kerala
കോട്ടയം: ദീപിക ശതോത്തര റൂബി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണന് ആണ് ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തി. നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രി മോന്‍സ് ജോസഫ്, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ്, മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചീഫ് എഡിറ്റര്‍ ഫാ. ഡോ. ജോര്‍ജ് കുടിലില്‍ തുടങ്ങിയവര്‍ സന്നിഹിതരാണ്.
പൗരപ്രമുഖരും ജനപ്രതിനിധികളും ഉള്‍പ്പെടെ പ്രൗഢമായ സദസ് ചടങ്ങില്‍ പങ്കെടുക്കുന്നു.
Kerala
കോട്ടയം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് വ്യോമ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ട്, മാമ്മന്‍ മാപ്പിള ഹാള്‍ എന്നിവയുടെ വ്യോമ പരിധിയിലും ജില്ലയിലെ ഹെലിപ്പാഡുകളിലും മേയ് 31ന് പുലര്‍ച്ചെ 12 മുതല്‍ 24 മണിക്കൂര്‍ ഹെലികോപ്റ്ററുകളും ഡ്രോണുകളും മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകളും യുഎവികളും മറ്റ് ഉപകരണങ്ങളും പറത്തുന്നതിന് നിരോധം. ജില്ലാ കളക്ടര്‍ ആണ് ഉത്തരവിട്ടത്.
വ്യോമ സേനയ്ക്കും എസ്പിജിക്കും സംസ്ഥാന പോലീസിനും ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് ഏജന്‍സികള്‍ക്കും നിരോധനം ബാധകമല്ല.
ഹെലികോപ്റ്ററുകളോ നിരോധന പരിധിയില്‍ വരുന്ന മറ്റ് ഉപകരണങ്ങളോ അടിയന്തര സാഹചര്യത്തില്‍ പറത്തേണ്ടതുണ്ടെങ്കില്‍ ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Kerala
കോട്ടയം: ദീപികയുടെ 140-ാം വാർഷികാഘോഷം 31ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ചടങ്ങിൽ സാമൂഹിക, സാമുദായിക, രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ദീപിക ചീഫ് എഡിറ്റർ ഡോ. ജോർജ് കുടിലിൽ എന്നിവർ അറിയിച്ചു.
പ്രഥമ മലയാള ദിനപത്രമായ ദീപികയുടെ പ്രയാണത്തിലെ മറ്റൊരു സുവർണ മൂഹൂർത്തമാണിത്. 1887 ഏപ്രിൽ 15ന് തുടക്കമിട്ട സത്യം തേടിയുള്ള യാത്ര ഇന്നും അതേ ആർജവത്തോടെ തുടരുന്നു.
ദേശീയ സ്വാതന്ത്ര്യസമരം, ഉത്തരവാദിത്വ ഭരണ പ്രക്ഷോഭം, നിവർത്തന പ്രക്ഷോഭം, വൈക്കം സത്യഗ്രഹം തുടങ്ങിയ നവോത്ഥാന മുന്നേറ്റങ്ങളിൽ നാടിന്റെ ചാലകശക്തിയായി ദീപിക നിലകൊണ്ടു. പൗരാവകാശസംരക്ഷണത്തിന്റെ മതിലായും കാവലാളായും പോരാളിയായും നീതിയുടെ പക്ഷം ചേർന്നു.
1975ലെ അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ നിലപാടുകളെ സധൈര്യം വിമർശിച്ചു. അതിജീവനത്തിനു മണ്ണുതേടി മലബാറിലേക്കും മലനാട്ടിലേക്കും പോയ കർഷകരെ നിഷ്കരുണം കുടിയിറക്കാൻ സർക്കാരുകൾ നടത്തിയ നീക്കങ്ങളെ നഖശിഖാന്തം ചെറുത്തു. ഭരണഘടന അനുശാസിക്കുന്ന മതന്യൂനപക്ഷ അവകാശ സംരക്ഷണത്തിനും ദീപിക തൂലിക ചലിപ്പിച്ചു.
വിദ്യാഭ്യാസമേഖലയിലെ അവകാശങ്ങൾ കവർന്നെടുക്കാനും അലങ്കോലപ്പെടുത്താനുമുള്ള ആസൂത്രിത നീക്കങ്ങൾ ചെറുക്കുന്നതിലും ദീപികയുടെ നിലപാട് നിർണായകമായി.
രാജ്യത്തു നടക്കുന്ന സംഭവങ്ങളിൽ ദീപിക എഴുതുന്ന ശക്തമായ മുഖപ്രസംഗങ്ങൾ സമൂഹം നിരന്തരം ചർച്ചചെയ്യുന്നു. അധികാരമേറ്റ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശൻ ദീപികയെക്കുറിച്ചു പറഞ്ഞത് “നിലപാടുള്ള പത്രം, സത്യം പറയുന്ന പത്രം” എന്നാണ്.
പുതിയ തലമുറയെ ദേശീയബോധത്തിലും മതമൈത്രിയിലും സാഹോദര്യത്തിലും വളർത്താൻ സ്ഥാപിതമായ ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാർഥി സംഘടനയായ ദീപിക ബാലസഖ്യവും ദീപികയുടെ കരുതലാണ്.
ഒരു നൂറ്റാണ്ട് സിഎംഐ സന്യാസസഭയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച ദീപികയും അനുബന്ധ പ്രസിദ്ധീകരണങ്ങളും ഇപ്പോൾ രാഷ്ട്രദീപിക ലിമിറ്റഡ് കന്പനിയാണ് വായനക്കാരിലെത്തിക്കുന്നത്. ഡോ. ഫ്രാൻസിസ് ക്ലീറ്റസ് ആണ് നിലവിൽ രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ.
District News
വിഴിഞ്ഞം: കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ നാലു പേർ അറസ്റ്റിൽ.
ആറാലുംമൂട് തലയൽതുണ്ട് തട്ടുവാറുവിള പുതുവൽ പുത്തൻ വീട്ടിൽ ദീപക് (22), ആറാലുംമൂട് തലയൽതുണ്ട് തട്ടുവറുവിള പുതുവൽ പുത്തൻ വീട്ടിൽ മുകേഷ് (38), കൊട്ടിയം മണിമന്ദിരത്തുനിന്ന് ആറാലുമൂട് തലയൽതുണ്ട് തട്ടു വാറുവിള പുതുവൽ പുത്തൻ വീട് റാണിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അജിത് (32), ആറാലുംമൂട് പത്താം കല്ല്ബിസ്മി മൻസിൽ അൽത്താഫ് എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകുന്നേരം വിഴിഞ്ഞം കരയടിവിള സ്വദേശി ഷാനു കബീറിനെയാണ് സംഘം ക്രൂരമായി മർദിച്ചത്. ഓട്ടോ റിക്ഷാ ഡ്രൈവറായ ഷാനുവിനെ റോഡിലിട്ടു മർദിച്ച് തടിക്കഷണംകൊണ്ടും ബിയർ കുപ്പി കൊണ്ടും പ്രതികൾ ആക്രമിക്കുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ കഴിയുന്ന ഷാനു അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്നു സംഘം മൊഴി നൽകി. ഒന്നാം പ്രതിയുടെ നേതൃത്വത്തിൽ ലഹരി വില്പന നടത്തുന്നതു വിലക്കിതിന്റെ പേരിലാണ് ക്രൂരമായി മർദിച്ചതെന്നു ഷാനുവിന്റെ ബന്ധുക്കൾ പറയുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
National
ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എഎപി) വിട്ട് ബിജെപിയിൽ ലയിച്ച ഏഴ് രാജ്യസഭാ എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിംഗ് രംഗത്ത്. ഇതുസംബന്ധിച്ച് അദ്ദേഹം രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ സി.പി. രാധാകൃഷ്ണന് ഔദ്യോഗികമായി നിവേദനം നൽകി. എംപിമാരുടെ ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
മുതിർന്ന അഭിഭാഷകനും സ്വതന്ത്ര എംപിയുമായ കപിൽ സിബലുമായി നടത്തിയ നിയമപരമായ ചർച്ചകൾക്ക് ശേഷമാണ് സഞ്ജയ് സിംഗ് പരാതി സമർപ്പിച്ചത്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം, തെരഞ്ഞെടുക്കപ്പെട്ട പാർട്ടിയെ വഞ്ചിച്ച് മറ്റൊരു പാർട്ടിയിൽ ചേരുന്നത് അയോഗ്യതയ്ക്ക് കാരണമാകുമെന്ന് സഞ്ജയ് സിംഗ് ചൂണ്ടിക്കാട്ടി.
ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരുടെയും രാജ്യസഭാ അംഗത്വം ഉടനടി റദ്ദാക്കണമെന്ന് അദ്ദേഹം നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം കൂറുമാറ്റ കേസുകളിൽ സുപ്രീംകോടതിയുടെ മുൻകാല വിധികൾ തങ്ങൾക്ക് അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
"വിദഗ്ധരുമായി ആലോചിച്ച ശേഷമാണ് ഞാൻ പരാതി നൽകിയത്. ഈ വിഷയത്തിൽ എത്രയും വേഗം വാദം കേൾക്കണമെന്നും നീതിയുക്തമായ തീരുമാനമെടുക്കണമെന്നും ഉപരാഷ്ട്രപതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ബിജെപിയുടെ ഭരണഘടനാ വിരുദ്ധമായ നടപടികൾക്കെതിരെ ഞങ്ങൾ നിയമപരമായി പോരാടും," സഞ്ജയ് സിംഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
International
വാഷിംഗ്ടൺ: അമേരിക്കയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഭരണത്തിൻ കീഴിലുള്ള സംസ്ഥാനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്താൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനെ പുതിയ ദൗത്യം ഏൽപ്പിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 'ഫ്രോഡ് സാർ' എന്ന പുതിയ പദവി നൽകിയാണ് വാൻസിനെ ട്രംപ് ഈ ചുമതലയേൽപ്പിച്ചിരിക്കുന്നത്.
കാലിഫോർണിയ, ഇല്ലിനോയിസ്, മിനസോട്ട തുടങ്ങിയ ഡെമോക്രാറ്റിക് സംസ്ഥാനങ്ങളിൽ നികുതിപ്പണം വ്യാപകമായി മോഷ്ടിക്കപ്പെടുന്നുണ്ടെന്നാണ് ട്രംപിന്റെ ആരോപണം. ഈ തട്ടിപ്പുകൾ കണ്ടെത്തുകയും മോഷ്ടിക്കപ്പെട്ട തുക തിരിച്ചുപിടിക്കുകയും ചെയ്യുകയാണ് വാൻസിന്റെ ലക്ഷ്യം.
നികുതിപ്പണം കൊള്ളയടിക്കുന്നത് തടയാൻ കഴിഞ്ഞാൽ അമേരിക്കയുടെ ബജറ്റ് കൃത്യമായി ബാലൻസ് ചെയ്യാൻ സാധിക്കുമെന്ന് ട്രംപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കാലിഫോർണിയ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാർക്കെതിരെ കടുത്ത വിമർശനമാണ് ട്രംപ് ഉയർത്തുന്നത്. ലോസ് ആഞ്ചലസിൽ ഇതിനോടകം തന്നെ പരിശോധനകൾ ആരംഭിച്ചതായും അദ്ദേഹം സൂചിപ്പിച്ചു.
സാമൂഹിക ക്ഷേമ പദ്ധതികൾക്കായി അനുവദിക്കുന്ന ഫെഡറൽ ഫണ്ടുകൾ സംസ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം തെളിയിക്കാനാണ് വാൻസിന്റെ നേതൃത്വത്തിലുള്ള നാഷണൽ ടാസ്ക് ഫോഴ്സിന് ട്രംപ് രൂപം നൽകിയത്. അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നതാണ് ട്രംപിന്റെ ഈ പുതിയ നീക്കം. ഡെമോക്രാറ്റിക് സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ചുള്ള ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവും ഉയരുന്നുണ്ട്.
Kerala
കൊച്ചി: ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് യുഡിഎഫിനെ തോല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടു സിപിഎമ്മും എസ്ഡിപിഐയുമായി ഡീല്‍ ആരോപിച്ച് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ പാർട്ടി വിട്ടു.
പാര്‍ട്ടിക്കു സ്വാധീനമുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താതെ വോട്ട് തീരെ കുറവുള്ള മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തിയതുവഴി ന്യൂനപക്ഷ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കി എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു.
മഞ്ചേശ്വരം, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളില്‍ മുസ്ലിം വോട്ട് ഭിന്നിപ്പിച്ച് യുഡിഎഫിനെ തോല്‍പ്പിക്കാനാണു എസ്ഡിപിഐ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
NRI
സാൻ ഫ്രാൻസിസ്കോ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA)യുടെ സൗത്ത്വെസ്റ്റ് റീജണൽ വൈസ് പ്രസിഡന്റായി (RVP) രാജേഷ് കൊനങ്ങാംപറമ്പത്തിനെ നിയമിച്ചു. സാൻ ഫ്രാൻസിസ്കോ ഉൾപ്പെടുന്ന നോർതേൺ കാലിഫോർണിയ മേഖലയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സാമൂഹിക-സാംസ്കാരിക പദ്ധതികൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല.
1998 മുതൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ രാജേഷ് നിലവിൽ കാലിഫോർണിയയിലെ ഫ്രെമോണ്ടിൽ കുടുംബസമേതം താമസിക്കുന്നു. പ്രവാസി സമൂഹത്തിൽ ദീർഘകാലമായി സജീവ സാന്നിധ്യമുള്ള അദ്ദേഹം, NSS കാലിഫോർണിയയുടെ മുൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സമൂഹസേവന രംഗത്ത് രാജേഷ് കൊനങ്ങാംപറമ്പത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സംഭാവന ദേശീയ തലത്തിലുള്ള Sewa Diwali Food Drive പദ്ധതിയിലെ പങ്കാണ്. ബേ ഏരിയയുടെയും സാക്രമെന്റോ മേഖലയുടെയും കോർഡിനേറ്ററായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, 2025-ൽ ബേ ഏരിയയിൽ മാത്രം 50-ഓളം സംഘടനകളുടെ സഹകരണത്തോടെ ഏകദേശം 50,000 പൗണ്ട് ഭക്ഷണം വിതരണം ചെയ്തു.
ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്റ്റി ബോർഡ് അംഗങ്ങളും രാജേഷ് കൊനങ്ങാംപറമ്പത്തിന് ആശംസകൾ നേർന്നു.
National
ബെലഗാവി: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് കർണാടകയിലെ ബെലഗാവി ജില്ലയിൽ സന്ദർശനം നടത്തും. ചിക്കോഡിക്ക് സമീപമുള്ള യദൂരിലെ ശ്രീ വീരഭദ്രേശ്വര ക്ഷേത്രത്തിലെ രാജഗോപുര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്.
ഉപരാഷ്ട്രപതിക്കൊപ്പം കർണാടക ഗവർണർ താവർ ചന്ദ് ഗെഹ്ലോട്ട് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന മന്ത്രിമാരായ സതീഷ് ജാർക്കിഹോളി, എസ്.എസ്. മല്ലികാർജുൻ എന്നിവരും ചടങ്ങിൽ സംബന്ധിക്കും. സന്ദർശനത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ ചിക്കോഡി-യദൂർ റോഡിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ എസ്എസ്എൽസി പരീക്ഷകൾ നടക്കുന്നതിനാൽ, ഗതാഗതക്കുരുക്കിൽപ്പെടാതിരിക്കാൻ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിദ്യാർത്ഥികൾ നേരത്തെ ഇറങ്ങണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ബെലഗാവിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
Kerala
തൃശൂർ: ആത്മീയതയുടെയും ധ്യാനത്തിന്റെയും ജീവിതത്തിന്റെയും ആഘോഷമാണ് ഇന്ത്യൻ സംഗീതമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. എല്ലാവരുടെയും ഹൃദയത്തെ ഒരേ താളത്തിലേക്ക് ഇഴചേർക്കുന്ന ശക്തമായ നൂലാണ് ഭാരതത്തിന്റെ സംഗീതപാരന്പര്യമെന്നും അതു കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതിസൗഹൃദ സംഗീത കാന്പസായ ചേതന ഗാനാശ്രമത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സപ്തസ്വരങ്ങൾ ഈണമായി മാറുന്നതുപോലെ സംഗീതം മനുഷ്യത്വവും ഐക്യവും പഠിപ്പിച്ച്, ജാതിമതഭേദമില്ലാതെ മനുഷ്യരെ ഒരുമിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമാനരീതിയിൽ സംഗീതധ്യാനത്തിലൂടെ എല്ലാ വിശ്വാസങ്ങളെയും ഒരുമിപ്പിക്കാൻ ഗാനാശ്രമത്തിനു കഴിയട്ടേയെന്ന് ഉപരാഷ്ട്രപതി ആശംസിച്ചു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി ആർ. ബിന്ദു, മേയർ നിജി ജസ്റ്റിൻ, ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ഗാനാശ്രമം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. പോൾ പൂവത്തിങ്കൽ, സിഎംഐ ദേവമാതാ പ്രൊവിൻഷ്യാൾ ഫാ. ഡോ. ജോസ് നന്തിക്കര, പ്രബുദ്ധകേരളം എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ, അസാസ് പ്രിൻസിപ്പൽ ഓണന്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ പ്രസംഗിച്ചു.
ഗായകൻ കെ.ജെ. യേശുദാസ് ഓണ്‍ലൈനായി സന്ദേശംനൽകി. ഗാനാശ്രമത്തിന്റെ ഉപഹാരം ഫാ. ഡോ. ജോസ് നന്തിക്കര ഉപരാഷ്ട്രപതിക്കു സമ്മാനിച്ചു.
Kerala
ചങ്ങനാശേരി: ശതാബ്ദി സ്മാരകമായി എസ്ബിയുടെ കാമ്പസില്‍ കേരളത്തിലെ പ്രശസ്തമായ കുറ്റ്യാട്ടൂര്‍ മാവിന്‍തൈ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് നട്ടു വെള്ളമൊഴിച്ചു.
എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടന്ന ശതാബ്ദി സമാപന സമ്മേളനത്തിലാണ് ഉദ്ഘാടകനായ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് പ്രതീകാത്മകമായി വെള്ളം നനച്ച് കുറ്റ്യാട്ടൂര്‍ മാവിന്‍തൈ നട്ടത്. വേദിയുടെ വശത്താണ് മാവിന്‍തൈ സ്ഥാപിച്ചിരുന്നത്. കാമ്പസിലെ പ്രശസ്തമായ ടവറിനു മുമ്പിലുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഇതോടെ കുറ്റ്യാട്ടൂര്‍ മാവും ഇടംപിടിച്ചു.
കണ്ണൂരിലെ കുറ്റ്യാട്ടൂര്‍ ഗ്രാമത്തിലെ കുറ്റ്യാട്ടൂര്‍ മാംഗോ പ്രഡ്യൂസര്‍ കമ്പനി ഉത്പാദിപ്പിച്ച ഈ മാവന്തൈയ്ക്കു കേരളത്തില്‍നിന്നുള്ള ആദ്യഭൗമ സൂചിക പദവി ലഭിച്ചിരുന്നു.
Kerala
ചങ്ങനാശേരി: നൂറുകണക്കിനു പ്രതിഭകളെ ഉന്നതസ്ഥാനീയരാക്കി മാറ്റിയ സെന്റ് ബെർക്കമാൻസ് കോളജ് രാജ്യത്തിനും സമൂഹത്തിനും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ.
ചങ്ങനാശേരി എസ്ബി കോളജിന്റെ ശതാബ്ദി ആഘോഷ സമാപനവും ശതാബ്ദി സ്മാരകമായി കോളജിൽ സ്ഥാപിതമാകുന്ന ഡോ.കെ.എം. ഏബ്രഹാം സെന്റർ ഫോർ എനർജി ആൻഡ് എൺവയൺമെന്റിന്റെയും ബർക്കുമാൻസ് സെന്റര്‍ ഫോർ എമർജിംഗ് ടെക്നോളജീസിന്റെയും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
നൂറു വർഷം മുന്‍പ് 1922ൽ പരിമിതികളുടെ കാലത്തു തുടക്കമിട്ട ഈ വിദ്യാഭ്യാസ സ്ഥാപനം തലമുറകൾക്കു വെളിച്ചം പകർന്ന് ഇന്നു സ്വയം ഭരണാധികാരമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമായി വളർന്നതിൽ ഈ കലാലയത്തിനു ദിശാബോധം നൽകിയവർക്കൊപ്പം രാജ്യവും സമൂഹവും അഭിമാനിക്കുകയാണെന്ന് കോളജിലെ കാവുകാട്ട് ഹാളിൽ നടന്ന വിപുലമായ സമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
താൻ ഉപരാഷ്ട്രപതി ആയതിനുശേഷം മൂന്നാം തവണയാണ് കേരളത്തിലേക്കു വരുന്നത്. മൂന്നു തവണ വന്നതും വിദ്യാഭ്യാസ സംബന്ധിയായ പരിപാടികളിൽ പങ്കെടുക്കാനാണ്. വിദ്യാഭ്യാസമാണ് തലമുറകളെ ശക്തിപ്പെടുത്തുന്നതും രാജ്യത്തെ മുന്നോട്ടു ചലിപ്പിക്കുന്നതും. ഇക്കാര്യത്തിൽ ഈ മഹത്തായ കലാലയത്തിന്റെ സംഭാവനകളെ രാജ്യം വിലമതിക്കുകയാണ്. ശാസ്ത്രജ്ഞർ, ഭരണാധികാരികൾ, കലാകാരന്മാർ, രാഷ്ട്രീയ നേതാക്കൾ, കായികതാരങ്ങൾ തുടങ്ങി നൂറുകണക്കിനു പ്രതിഭക ളെ സമൂഹത്തിനു നൽകാൻ സെന്റ് ബെർക്കുമാൻസ് കോളജിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹത്തായ നൂറു വർഷങ്ങൾ പിന്നിടുമ്പോൾ മികവിന്റെ മറ്റൊരു നൂറ്റാണ്ട് സൃഷ്ടിക്കാനുള്ള ദൗത്യത്തിൽ ഈ കലാലയത്തിനൊപ്പം നമ്മൾ ഏവരും കൈകോർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ശതാബ്ദിയാഘോഷ സമാപനത്തിന്റെയും ഗവേഷണകേന്ദ്രങ്ങളുടെയും ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. കോളജ് കാമ്പസിൽ നടാനുള്ള മാവിൻതൈക്ക് അദ്ദേഹം ജലം പകർന്നു. ചടങ്ങിന് ചങ്ങനാശേരി ആർച്ച്ബിഷപ്പും എസ്ബി കോളജ് രക്ഷാധികാരിയുമായ മാർ തോമസ് തറയിൽ സ്വാഗതം ആശംസിച്ചു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന സഹകരണമന്ത്രി വി.എൻ. വാസവൻ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ പ്രസംഗിച്ചു. ചങ്ങനാശേരി അതിരൂപത മുഖ്യ വികാരി ജനറാളും കോളജ് മാനേജരുമായ ഫാ. ആന്റണി എത്തയ്ക്കാട്ട്, ജോബ് മൈക്കിൾ എംഎൽഎ, കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ടെഡി കാഞ്ഞൂപ്പറന്പിൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ചങ്ങനാശേരി മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ് അടക്കമുള്ള ജനപ്രതിനിധികൾ, വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്ന കോളജിലെ പൂർവവിദ്യാർഥികൾ, രാഷ്ട്രീയ നേതാക്കൾ, വൈദികർ, സന്യസ്തർ, കോളജിന്റെ അഭ്യുദയകാംക്ഷികൾ, വിദ്യാർഥികൾ എന്നിവർ ചടങ്ങിനു സാക്ഷ്യം വഹിച്ചു.
District News
ചങ്ങനാശേരി: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ എസ്ബി കോളജ് സന്ദര്‍ശനത്തിന്റെ ഭാഗമായി ചങ്ങനാശേരിയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് കര്‍ശന വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചയോടെ നഗരം പോലീസിന്റെ നിയന്ത്രണത്തിലാകും.
ഉച്ചകഴിഞ്ഞ് 3.10ന് പെരുന്ന എന്‍എസ്എസ് കോളജ് മൈതാനത്തുള്ള ഹെലിപ്പാടില്‍ പ്രത്യേക ഹെലികോപ്റ്ററിലാണ് ഉപരാഷ്ട്രപതി എത്തുന്നത്. തുടര്‍ന്ന് കാര്‍മാര്‍ഗം എസ്ബി കോളജിലെത്തും. 3.30നാണ് എസ്ബി കോളജിലെ സമ്മേളനം. ഒരുമണിക്കൂറാണ് സമ്മേളന സമയം. അഞ്ചിന് കോളജില്‍ നിന്നു തിരികെ പുറപ്പെട്ട് പെരുന്ന എന്‍എസ്എസ് ഗ്രൗണ്ടില്‍നിന്ന് 5.10ന് അദ്ദേഹം വിമാനമാര്‍ഗം പോകും.
ഉപരാഷ്ട്രപതി എത്തുന്നതിനു മുന്നോടിയായ ഉച്ചകഴിഞ്ഞ് 2.15മുതല്‍ 3.15വരെ പെരുന്ന റെഡ്സ്ക്വയര്‍ മുതല്‍ മതുമൂലവരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഉപരാഷ്ട്രപതി എസ്ബി കോളജില്‍ പ്രവേശിക്കുന്നതോടെ 15 മിനിറ്റുസമയം പെരുന്ന മുതല്‍ മതുമൂലവരെയുള്ള ഗതാഗതം തുറന്നുവിടാന്‍ പോലീസ് ആലോചിക്കുന്നുണ്ടെന്ന് ചങ്ങനാശേരി ഡിവൈഎസ്പി പറഞ്ഞു.
3.30ന് റോഡ് വീണ്ടും അടച്ചാല്‍ പിന്നെ ഉപരാഷ്ട്രപതിയുടെ വിമാനം 5.10ന് പറന്നുയര്‍ന്നശേഷം മാത്രമേ ഈ റോഡില്‍ ഗതാഗതം അനുവദിക്കുകയുള്ളൂ.
ബാരിക്കേഡുകൾ കെട്ടി
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പെരുന്ന മുതല്‍ എസ്ബി കോളജുവരെയുള്ള ഭാഗത്ത് റോഡിന്റെ വശങ്ങളില് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പോലീസ് ഡോഗ് സ്ക്വാഡ് നഗരത്തില്‍ പരിശോധന നടത്തി.
ഉപരാഷ്ട്രപതിയെ അനുഗമിക്കുന്ന വാഹനവ്യൂഹം നഗരത്തില്‍ ട്രയല്‍ നടത്തി. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് ഉള്‍പ്പെടെ പത്തോളം പോലീസ് സൂപ്രണ്ടുമാരും കോട്ടംയം, പത്തനംതിട്ട ജില്ലകളിലെ വിവിദ സ്റ്റേഷനുകളിലെയും കെഎപി ബെറ്റാലിയനിലെയും ഉള്‍പ്പെടെ എഴുനൂറു പോലീസുകാരും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിലുണ്ട്.
Kerala
ചങ്ങനാശേരി: ഒരു നൂറ്റാണ്ടിന്റെ ഉന്നതവിദ്യാഭ്യാസ പ്രൗഢിയില്‍ എസ്ബി കോളജ് ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഇന്നുച്ചകഴിഞ്ഞ് 3.30ന് കോളജിലെ കാവുകാട്ട് ഹാളില്‍ നടക്കും.
കോളജിന്റെ ശതാബ്ദി ആഘോഷ സമാപനവും ശതാബ്ദി സ്മാരകമായി കോളജില്‍ സ്ഥാപിതമാകുന്ന അത്യാധുനിക സംവിധാനങ്ങളുള്ള ഗവേഷണ കേന്ദ്രമായ ഡോ. കെ.എം. ഏബ്രഹാം സെന്റര്‍ ഫോര്‍ എനര്‍ജി ആൻഡ് എണ്‍വയണ്‍മെന്റിന്റെ ഉദ്ഘാടനവും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് നിര്‍വഹിക്കും.ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സ്വാഗതം ആശംസിക്കും.
കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി വി.എന്‍. വാസവന്, കൊടിക്കുന്നില്‍ സുരേഷ് എംപി, ജോബ് മൈക്കിള്‍ എംഎല്‍എ, കോളജ് മാനേജര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, പ്രിന്‍സിപ്പല്‍ ഫാ. ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരിക്കും.
Kerala
കോട്ടയം: ചങ്ങനാശേരി എസ്ബി കോളജ് ശതാബ്ദി സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ശനിയാഴ്ച ചങ്ങനാശേരിയിൽ.
ഉച്ചകഴിഞ്ഞ് 3.15ന് പെരുന്ന എൻഎസ്എസ് കോളജ് മൈതാനത്ത് ഹെലികോപ്റ്ററിലിറങ്ങുന്ന ഉപരാഷ്ട്രപതി അവിടെ നിന്നും കാർ മാർഗം സമ്മേളന നഗരിയായ എസ്ബി കോളജിലെ കാവുകാട്ട് ഹാളിനുമുമ്പിൽ എത്തിച്ചേരും.
കോളജ് രക്ഷാധികാരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ബൊക്കെ നൽകി സ്വീകരിക്കും. കോളജിന്റെ ശതാബ്ദി സമാപനവും ശതാബ്ദി സ്മാരകമായി കോളജിൽ സ്ഥാപിതമാകുന്ന അത്യന്താധുനിക സംവിധാനങ്ങളുള്ള ഗവേഷണ കേന്ദ്രമായ ഡോ. കെ.എം. ഏബ്രഹാം സെന്റർ ഫോർ എനർജി ആൻഡ് എൻവയോൺമെന്റിന്റെ ഉദ്ഘാടനവും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നിർവഹിക്കും. ആർച്ച്ബിഷപ് മാർ തോമസ് തറയിൽ സ്വാഗതം ആശംസിക്കും.
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ്ഗോപി, മന്ത്രി വി.എൻ. വാസവൻ, കൊടിക്കുന്നിൻ സുരേഷ് എംപി, ജോബ് മൈക്കിൾ എംഎൽഎ, കോളജ് മാനേജർ മോൺ. ആന്റണി എത്തയ്ക്കാട്ട്, പ്രിൻസിപ്പൽ റവ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരിക്കും.
ചങ്ങനാശേരിയിൽ ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
ചങ്ങനാശേരി സെന്റ് ബർക്കുമാൻസ് കോളജ് ശതാബ്ദി ആഘോഷ സമാപനപരിപാടികളിൽ പങ്കെടുക്കുന്നതിനായി ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ശനിയാഴ്ച ചങ്ങനാശേരിയിൽ എത്തിചേരുന്നതുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
1. എസ്ബി, എൻഎസ്എസ് കോളജുകളും പരിസരപ്രദേശങ്ങളും ഉച്ചകഴിഞ്ഞ് രണ്ടോടു കൂടി രണ്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.
2. എംസി റോഡിൽ കൂടി തിരുവല്ല ഭാഗത്തുനിന്നും കോട്ടയത്തേയ്ക്ക് പോകുന്ന കെഎസ്ആർടിസി/ പ്രൈവറ്റ് ബസ് ഉൾപ്പെടെയുളള എല്ലാ വാഹനങ്ങളും ളായിക്കാട് ഭാഗത്ത് നിന്നും ബൈപ്പാസിലൂടെ തിരിഞ്ഞുപോകേണ്ടതാണ്.
3. ആലപ്പുഴയിൽ നിന്നും എസി റോഡിലൂടെ കോട്ടയത്തേയ്ക്ക് കെഎസ്ആർടിസി/പ്രൈവറ്റ് ഉൾപ്പെടെയുളള വരുന്ന വാഹനങ്ങൾ പൂർണമായും റെഡ് സ്ക്വയറിൽ നിന്നും ളായിക്കാട് വഴി ബൈപ്പാസിലൂടെ തിരിഞ്ഞുപോകേണ്ടതാണ്.
4. പത്തനംതിട്ടയിൽ നിന്നും തിരുവല്ല വഴി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ തിരുവല്ല, പെരുംത്തുരുത്തി, തെങ്ങണാ, ഞാലിയാകുഴി വഴി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
5. കോട്ടയം ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുന്ന എല്ലാ വാഹനങ്ങളും തുരുത്തി പൂന്നമുട്ടിൽ തിരിഞ്ഞ് മുളക്കാംതുരുത്തി വഴി പോകേണ്ടതാണ്.
6. കറുകച്ചാൽ ഭാഗത്ത് നിന്നും തിരുവല്ല ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ മാമ്മൂട് – പായിപ്പാട് വഴി തിരിഞ്ഞ് തിരുവല്ല ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
7. ചങ്ങനാശേരി മാർക്കറ്റ് ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ പറാൽ-വാലടി-മുളക്കാംതുരുത്തി വഴി തുരുത്തി പൂന്നമൂട് ജംഗ്ഷനിലെത്തി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
8. ചങ്ങനാശേരി മാർക്കറ്റ് ഭാഗത്ത് നിന്നും തിരുവല്ല ഭാഗത്തേയ്ക്കും കറുകച്ചാൽ ഭാഗത്തേയ്ക്കും പോകുന്ന വാഹനങ്ങൾ പുഴവാതു്, മനയ്ക്കച്ചിറ റോഡ് വഴി എ.സി റോഡിലെത്തി റെഡ് സ്ക്വയറിലൂടെ ളായിക്കാട് വഴി പോകേണ്ടതാണ്.
9. എംസി റോഡിൽ കൂടി കോട്ടയം ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേയ്ക്ക് പോകുന്ന കെഎസ്ആർടിസി/പ്രൈവറ്റ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളിൽ മതൂമൂല, വാഴപ്പളളി ഭാഗത്തേയ്ക്ക് ലൈറ്റ് വാഹനങ്ങൾ ഒഴികെയുളള വാഹനങ്ങൾ പൂർണമായും പാലാത്ര ജംഗ്ഷനിൽ നിന്നും ബൈപ്പാസിലൂടെ കടത്തി വിടേണ്ടതാണ്.
10. മതൂമൂല, വാഴപ്പളളി ഭാഗത്തേയ്ക്കുളള വാഹനങ്ങൾ മതുമൂല ഭാഗത്ത് യാത്ര അവസാനിപ്പിച്ച് മതൂമൂല, വാഴപ്പള്ളി ഭാഗത്തേയ്ക്ക് തിരിഞ്ഞുപോകേണ്ടതാണ്.
Kerala
കോട്ടയം: മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് അനുമതി നിഷേധിച്ച് എന്‍എസ്എസ്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തുള്ള സന്ദർശനം മറ്റ് വിവാദങ്ങൾക്ക് ഇടയാക്കുമെന്നും ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന് കർശന സുരക്ഷയൊരുക്കേണ്ടതിനാൽ, മന്നം സമാധിയിൽ പരിശോധനയ്ക്ക് അനുമതി നൽകാൻ സാധിക്കില്ലെന്നും എൻഎസ്എസ് അറിയിച്ചു.
എസ്ബി കോളജിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഉപരാഷ്ട്രപതി ഫെബ്രുവരി 28ന് ചങ്ങനാശേരിയിലെത്തുന്നത്. വൈകിട്ട് 3.30നാണ് കോളജിലെ കാവുകാട്ട് ഹാളിലാണ് ചടങ്ങ്.
ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം നെടുമ്പാശേരിയില്‍ ഇറങ്ങുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്ററില്‍ ചങ്ങനാശേരിയിലെത്തും. പെരുന്ന എന്‍എസ്എസ് കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങുക. ഇതിന് ശേഷം മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്താനാണ് തീരുമാനിച്ചത്.
നേരത്തെ ഇക്കാര്യം ഷെഡ്യൂളിലുണ്ടായിരുന്നില്ല. മന്നം സമാധിയിലെ പുഷ്പാര്‍ച്ചന ഇന്ന് രാവിലെയാണ് തീരുമാനിച്ചത്.
District News
കോട്ടാങ്ങൽ: ഗ്രാമപഞ്ചായത്തിൽ ബിജെപിയിലെ കെ.കെ. ഹരികുമാറിന് വൈസ് പ്രസിഡന്റായി തുടരാമെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അപാകതകൾ ചൂണ്ടിക്കാട്ടിയതിനേ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഹരികുമാറിനെ തെരഞ്ഞെടുത്ത നടപടിക്രമം റദ്ദാക്കിയിരുന്നു. ഇതിനെതിരേ ഹൈക്കോടതിയിൽ നൽകിയ ഹർജി അംഗീകരിച്ചാണ് തൽസ്ഥിതി തുടരാൻ നിർദേശമുണ്ടായത്. എതിർകക്ഷികൾക്ക് ആവശ്യമെങ്കിൽ മുൻസിഫ് കോടതിയെ സമീപിക്കാനും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് വിധി.
കഴിഞ്ഞ ഡിസംബർ 27നു നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയിലെ കെ.കെ. ഹരികുമാറിനും കേരള കോൺഗ്രസിലെ ജോസഫ് പുത്തൻപുരയ്ക്കലിനും അഞ്ച് വോട്ടുവീതം ലഭിച്ചിരുന്നു. എസ്ഡിപിഐയിലെ അനസ് മുഹമ്മദിന് മൂന്ന് വോട്ടും ലഭിച്ചു. തുല്യവോട്ടുകൾ ലഭിച്ച അംഗങ്ങളുടെ പേരുകൾ നറുക്കെടുപ്പിനു നിർദേശിക്കുകയായിരുന്നു. വരണാധികാരിയായിരുന്ന മല്ലപ്പള്ളി സബ് രജിസ്ട്രാർ ഷീജ എം. ദാസ് ആദ്യം നറുക്കെടുക്കുന്ന പേരുകാരൻ പുറത്താകുമെന്നും അവശേഷിക്കുന്ന പേരുകാരൻ വിജയിക്കുമെന്നും അറിയിക്കുകയും ചെയ്തു.
നറുക്കെടുപ്പിൽ ജോസഫ് ജോസഫിന്റെ പേരാണ് ആദ്യം എടുത്തത്. തുടർന്ന് ഹരികുമാറിനെ വിജയിയായി പ്രഖ്യാപിച്ചു. പ്രഖ്യാപന രീതിയിലെ പിഴവാണ് കോൺഗ്രസ്, എസ്ഡിപിഐ അംഗങ്ങൾ ചോദ്യം ചെയ്തത്. പഞ്ചായത്ത് രാജ് നിയമപ്രകാരം മൂന്നംഗങ്ങൾ മത്സരിച്ചാൽ ഏറ്റവും കുറവ് വോട്ടു ലഭിച്ചയാൽ ആദ്യ റൗണ്ടിൽ പുറത്താകുകയും രണ്ടാമത്തെ റൗണ്ടിൽ തുല്യനിലയിൽ വോട്ടു ലഭിച്ചവരെ ഉൾപ്പെടുത്തി വോട്ടെടുപ്പ് നടത്തുകയും വേണമെന്നായിരുന്നു ഹർജിയിലെ വാദം. തുല്യനില വന്നാൽ നറുക്കെടുപ്പിൽ ആരുടെ പേരാണോ എടുക്കുന്നത് ആ ആളാണ് വിജയിക്കുന്നതെന്നും ഇതു ലംഘിക്കപ്പെട്ടുവെന്നുമായിരുന്നു ആരോപണം.
നറുക്കെടുപ്പ് മുതലുള്ള കാര്യങ്ങളിൽ ഫലപ്രഖ്യാപനം വീണ്ടും നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വരാണാധികാരിയോടു നിർദേശിച്ചത്. ഇതിനെ ബിജെപിയും ചോദ്യം ചെയ്തു. തുടർന്നാണ് തത്സ്ഥിതി തുടരാനും കീഴ്ക്കോടതിയെ സമീപിക്കാനും ഹൈക്കോടതി നിർദേശമുണ്ടായത്.
Kerala
കോട്ടയം: ചങ്ങനാശേരി സെന്റ് ബെര്‍ക്കുമന്‍സ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനം 28നു നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് കോളജിലെ ആര്‍ച്ച്ബിഷപ് കാവുകാട്ട് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് മുഖ്യാതിഥിയായിരിക്കും. 2022ല്‍ കോളജ് നൂറു വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ മൂലം മാറ്റിവച്ച ഔദ്യോഗിക സമാപന ചടങ്ങുകളാണ് വിപുലമായ പരിപാടികളോടെ നടത്തുന്നത്.
പാറേല്പ്പള്ളിക്കുസമീപം 1922ല്‍ പ്രവര്‍ത്തനം ആരംഭിച്ച് 1925ല്‍ നിലവിലെ കാമ്പസിലേക്ക് കോളജ് മാറ്റിസ്ഥാപിച്ചതിന്റെ നൂറാം വാര്‍ഷികം കൂടിയാണിത്. ചരിത്രമുഹൂര്‍ത്തം ആഘോഷമാക്കാന്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ കോളജ് രക്ഷാധികാരിയായ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ നേതൃത്വത്തില്‍ കോളജ് കവാടത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് കാവുകാട്ട് ഹാളില്‍ കോളജ് ശതാബ്ദി സമാപന സമ്മേളനം നടക്കും.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സ്വാഗതം ആശംസിക്കും. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മന്ത്രി വി.എന്‍. വാസവന്, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ശതാബ്ദി സ്മാരകമായി കോളജില്‍ സ്ഥാപിതമാകുന്ന അത്യന്താധുനിക സംവിധാനങ്ങളുള്ള ഗവേഷണ കേന്ദ്രം ഡോ. കെ.എം. ഏബ്രഹാം സെന്റർ ഫോര്‍ എനര്‍ജി ആന്‍ഡ് എണ്‍വയോണ്‍മെന്റിന്റെ ഉദ്ഘാടനം ഉപരാഷ്ട്രപതി നിര്‍വഹിക്കും.
കോളജ് മാനേജര്‍ ഫാ. ആന്റണി ഏത്തയ്ക്കാട്, പ്രിന്‍സിപ്പല്‍ റവ.ഡോ. റ്റെഡി കാഞ്ഞുപ്പറമ്പില്‍, ഡോ. സിബി ജോസഫ്, ഡോ. ബിന്ദു മാത്യു ജോബ് എന്നിവര്‍ നേതൃത്വം നല്‍കും. ശതാബ്ദിയോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ സെമിനാറുകള്‍ സംഘടിപ്പിച്ചു.
ഭാഷാശാസ്ത്രജ്ഞനായ നോം ചോംസ്കി, നോബേല്‍ ജേതാക്കളായ മാര്ട്ടിന് കാഫ്, ആന്റണി ജയിംസ് ലെഗറ്റ്, റിച്ചാര്‍ഡ് ജെ. റോബര്‍ട്ട്സ് എന്നിവര്‍ വിവിധ സെമിനാറുകളില്‍ പേപ്പറുകള്‍ അവതരിപ്പിച്ചതായും റവ.ഡോ. ജോസ് ജേക്കബ് മുല്ലശേരി, ഡോ. നെവില്‍ തോമസ്, ബിന്‍സ് എം. മാത്യു എന്നിവര്‍ അറിയിച്ചു.
District News
തിരുവില്വാമല: കഴിഞ്ഞ ദിവസങ്ങളിൽ ആഘോഷിച്ച തിരുവില്വാമല ഏകാദശി സമാപിച്ച് നാല് ദിവസമായിട്ടും മാലിന്യങ്ങൾ നീക്കം ചെയ്യാത്ത ഉദ്യോഗസ്ഥ അലംഭാവത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല പണിക്കർ നേരിട്ട് ശുചീകരണ പ്രവർത്തനത്തിനിറങ്ങി. പ്ലാസ്റ്റിക് മാലിന്യങ്ങൾ, വലിച്ചെറിഞ്ഞ കുപ്പികൾ, കച്ചവടക്കാർ ഉപേക്ഷിച്ച മാലിന്യങ്ങൾ എന്നിവ മണിക്കൂറുകൾ കൊണ്ട് നീക്കം ചെയ്തു. നാലുദിവസം മുൻപായിരുന്നു തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ ഏകാദശി മഹോത്സവം നടന്നത്.
മുൻ കാലങ്ങളിൽ ഏകാദശി കഴിഞ്ഞ അടുത്തദിവസം തന്നെ പഞ്ചായത്ത് ശുചീകരണ തൊഴിലാളികളും ഹരിതകർമസേന അംഗങ്ങളും ശുചീകരണപ്രവർത്തനങ്ങൾ നടത്താറുള്ളതാണ്. എന്നാൽ ഇത്തവണ ശുചീകരണത്തിന് ആരും എത്താത്ത കാരണം തിരക്കിയ വൈസ് പ്രസിഡന്റിനോട് ഉദ്യോഗസ്ഥ തലത്തിൽ നിർദേശം ലഭിച്ചില്ലെന്ന മറുപടിയാണ് തൊഴിലാളികൾ നൽകിയത്.
ഡൽഹിയിലായിരുന്ന പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. ക്ഷേത്ര പരിസരം ശുചീകരിക്കാതെ പഞ്ചായത്ത് ഓഫീസിലേക്കില്ലെന്നു പറഞ്ഞ് പഞ്ചായത്ത് ഉപാധ്യക്ഷ നേരെ ക്ഷേത്ര പരിസരം വൃത്തിയാക്കാനാണ് പോയത്. അതേസമയം ഹരിത കർമസേനാംഗങ്ങളെ നേരത്തെ അറിയിക്കാതെ പൊരിവെയിലത്ത് ജോലി ചെയ്യിപ്പിച്ചതിൽ ഹരിത കർമ്മസേനാംഗങ്ങൾ പ്രതിഷേധിച്ചു. തങ്ങൾ വാർഡുകളിൽ ജോലി ചെയ്യുകയായിരുന്നെന്നും ബന്ധപ്പെട്ടവർ നേരത്തെ അറിയിച്ചില്ലെന്നും അവർ പറഞ്ഞു.
Business
കൊച്ചി: ഹയാത്തിന്റെ ഇന്ത്യ, സൗത്ത്വെസ്റ്റ് ഏഷ്യ ഉള്‍പ്പെടുന്ന മേഖലയുടെ ഹ്യൂമന്‍ റിസോഴ്സസ് റീജണല്‍ വൈസ് പ്രസിഡന്റായി എസ്. വിദ്യാശങ്കറിനെ നിയമിച്ചു.
ഹോസ്പിറ്റാലിറ്റി രംഗത്ത് 23 വര്‍ഷത്തിലധികം പരിചയമുള്ള വിദ്യാശങ്കര്‍, 20 വര്‍ഷത്തിലധികം ഹയാത്തിനൊപ്പം പ്രവര്‍ത്തിച്ചു.
ആറു സംസ്ഥാനങ്ങളിലായി 18 ഹോട്ടലുകളുടെ എച്ച്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിട്ടുണ്ട്.
National
ചണ്ഡിഗഡ്: പഞ്ചാബ് ബിജെപി വൈസ് പ്രസിഡന്റ് അരവിന്ദ് ഖന്ന ശിരോമണി അകാലി ദളിൽ ചേർന്നു. അകാലി ദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദലിന്റെ സാന്നിധ്യത്തിലായിരുന്നു ഖന്ന പാർട്ടി അംഗത്വമെടുത്തത്. ഇന്നലെ ഖന്നയുടെ വീട്ടിൽ ബാദൽ സന്ദർശനം നടത്തിയിരുന്നു.
മുൻ കോൺഗ്രസ് എംഎൽഎയും ബിസിനസുകാരനുമായ അരവിന്ദ് ഖന്ന 2022ലാണ് ബിജെപിയിൽ ചേർന്നത്. 2002ൽ സംഗ്രൂരിൽനിന്നും 2012ൽ ധുരിയിൽനിന്നും ഖന്ന കോൺഗ്രസ് ടിക്കറ്റിൽ നിയമസഭാംഗമായി. 2022ൽ പരാജ്യപ്പെട്ടു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ സംഗ്രൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
Kerala
തൃശൂര്‍: മറ്റത്തൂര്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ബിജെപി. കോണ്‍ഗ്രസ് സ്ഥാനാർഥിയായി ജയിച്ച മിനിമോള്‍ ടീച്ചര്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
എതിര് സ്ഥാനാർഥിക്കും മിനി മോള്‍ക്കും ഒരേ വോട്ട് ലഭിച്ചതോടെ നറുക്കെടുക്കുകയായിരുന്നു. ബിന്ദുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
എല്‍ഡിഎഫ് 10, യുഡിഎഫ് എട്ട്, ബിജെപി നാല്, രണ്ട് വിമതര്‍ എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. നൂര്ജഹാന് നവാസ് ആയിരുന്നു നേരത്തെ വൈസ് പ്രസിഡന്റ്.
NRI
ന്യൂയോർക്ക്: ഇന്ത്യയുടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനുമായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ ഉപരാഷ്ട്രപതിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
രാജ്യത്തെയും അമേരിക്കയിലെയും രാഷ്ട്രീയവും സാമൂഹ്യവുമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും അഭിപ്രയങ്ങൾ പങ്കുവയ്ക്കുകയും ചയ്തു. ചർച്ച 25 മിനിറ്റോളം നീണ്ടു നിന്നു.
സി.പി. രാധാകൃഷ്ണനെ ഫൊക്കാനയുടെ ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ കലഹരി റിസോർട്ടിൽ നടക്കുന്ന കൺവൻഷനിലേക്കു ക്ഷണിക്കുകയും ആ ക്ഷണം അദ്ദേഹം സ്വീകരിക്കയും ചെയ്തു.
Kerala
പാലക്കാട്: അഗളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പുലിയറ വണ്ടർകുന്നേൽ ഗോപാലകൃഷ്ണൻ (60) ആത്മഹത്യ ചെയ്തു. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹ്യയെന്നാണ് സൂചന.
സഹകരണബാങ്കിൽ എട്ട് ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്ന ഹോപാലകൃഷ്ണന്റെ ഭൂമിക്ക് ജപ്തി ഭീഷണിയുടെ ഉണ്ടായിരുന്നു. തണ്ടപ്പേർ ലഭിക്കാത്തതിനെ തുടർന്ന് വസ്തു വിൽക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
അതിനിടെ ഗോപാലകൃഷ്ണൻ രോഗബാധിതനുമായി. ഇതിന് പിന്നാലെയാണ് ഗോപാലകൃഷ്ണൻ ആത്മകഹത്യ ചെയ്തത്. വാടക വീട്ടിൽ വച്ച് കൃഷിയിടത്തിൽ ഉപയോഗിച്ചിരുന്ന കീടനാശിനി കഴിച്ചാണ് ഗോപാലകൃഷ്ണൻ ജീവനൊടുക്കിയത്.
സിപിഎം നേതാവായിരുന്ന ഗോപാലകൃഷ്ണൻ 2004-05 കാലഘട്ടത്തിലാണ് അഗളി പഞ്ചായത്തിലെ
വൈസ് പ്രസിഡന്റായി പ്രവർത്തിച്ചത്. 2005-10 കാലഘട്ടത്തിൽ പഞ്ചായത്തംഗമായും പ്രവർത്തിച്ചു.
Kerala
കൊച്ചി: 1972ലെ ദേശീയ വനം വന്യജീവി നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടും, ക്രൈസ്തവരെ മൈക്രോ മൈനൊരിറ്റിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടും കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് നിവേദനം സമർപ്പിച്ചു.
ഭാരത ജനസംഖ്യയുടെ മൂന്നു ശതമാനത്തിൽ താഴെ മാത്രം വരുന്ന ക്രൈസ്തവർ മൈക്രോ ന്യൂനപക്ഷം ആകയാൽ ഒരു വോട്ട് ബാങ്കാകുവാൻ ഉള്ള ജനസംഖ്യാപരമായ പരിമിതി കാരണം പലപ്പോഴും അവഗണിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു. അതിനാൽത്തന്നെ ഭരണ ഉദ്യോഗസ്ഥ കേന്ദ്രങ്ങളിൽ നിന്നും കടുത്ത നീതി നിഷേധത്തിന് ഇരയാക്കപ്പെടുന്നു എന്ന് കത്തോലിക്കാ കോൺഗ്രസ് ഉപരാഷ്ട്രപതിക്കു നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
തീവ്ര മതവാദികൾ പലപ്പോഴും അകാരണമായി ക്രൈസ്തവരെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനാൽ നിയമപരമായി കൂടുതൽ സംരക്ഷണം നൽകുക എന്നതു മാത്രമാണ് പരിഹാരമാർഗം എന്ന് ചൂണ്ടിക്കാണിച്ചാണ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ എന്നിവർ ചേർന്ന് ഡൽഹിയിൽ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിൽ എത്തി നിവേദനം സമർപ്പിച്ചത്.
വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പരിഹാരത്തിനു സർക്കാർ 1972ലെ വനം വന്യജീവി നിയമത്തിൽ സമഗ്രമായ മാറ്റം കൊണ്ടുവരാൻ ആവശ്യപ്പെട്ടും ഉപരാഷ്ട്രപതിക്ക് നിവേദനം നൽകിയിട്ടുണ്ട്.
വന്യജീവി ആക്രമണം മൂലം ഉണ്ടാകുന്ന ജീവനാശത്തിനും പരിക്കുകൾക്കും കൃഷി നഷ്ടത്തിനും നഷ്ടപരിഹാരം നൽകുന്നതിനുവേണ്ടി മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ മാതൃകയിൽ സ്റ്റാറ്റ്യൂട്ടറി അധികാരങ്ങളോടു കൂടി ബോർഡിനെ നിയമിക്കണം.
വന്യജീവികളെ വനത്തിനകത്ത് നിലനിർത്തേണ്ട നിയമപരമായ ബാധ്യത വനം ഉദ്യോഗസ്ഥർക്കുണ്ടെന്നും നിവേദനത്തിലുണ്ട്. നിവേദനത്തിൽ ചൂണ്ടിക്കാട്ടിയ വിഷയങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ഉപരാഷ്ട്രപതി സ്വീകരിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുമെന്നും അവർ അറിയിച്ചു.
Kerala
തിരുവനന്തപുരം: ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരു മുന്നിൽ നിന്നുവെന്നും അദ്ദേഹം പറഞ്ഞു. 93 -ാം ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ശശി തരൂർ എംപി അടക്കമുള്ളവർ പങ്കെടുത്തു. രാവിലെ ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തിയതോടെയാണ് ഈ വർഷത്തെ ആഘോഷത്തിന് തുടക്കമായത്.
ശ്രീനാരായണ ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു. സ്നേഹമാണ് ഏറ്റവും വലിയ വിശ്വാസമെന്ന് പഠിപ്പിച്ചുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രമാണ് ശിവഗിരിയെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
NRI
ടെക്സസ്: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) ഡാളസ് റീജിയണൽ വൈസ് പ്രസിഡന്റായി (ആർവിപി) പാലക്കാട് സ്വദേശിനിയായ രേഷ്മ രഞ്ജൻ നിയമിതയായി.
നിലവിൽ ഡാളസിനടുത്തുള്ള ഫേറ്റിൽ താമസിക്കുന്ന രേഷ്മ, സേവനപരതയും ക്രിയാത്മകതയും കൊണ്ട് അമേരിക്കയിലെ മലയാളി സമൂഹത്തിൽ ശ്രദ്ധേയമായ വ്യക്തിത്വമാണ്. ഡാളസ് മലയാളി അസോസിയേഷനിലെ (ഡിഎംഎ) സജീവ സാന്നിധ്യമാണ് രേഷ്മ രഞ്ജൻ.
ഒരു വർഷത്തിനുള്ളിൽ തന്നെ റീജിയൺ ഉദ്ഘാടനം, ബാഡ്മിന്റൺ ടൂർണമെന്റ്, ഓണം ആഘോഷങ്ങൾ എന്നിവയുടെ വിജയത്തിന് പിന്നിൽ രേഷ്മയുടെ പങ്ക് വളരെ വലുതായിരുന്നു.
ഫോമയുടെ വിമൻസ് ഫോറം സെക്രട്ടറിയായി (2022-2024) പ്രവർത്തിച്ച കാലയളവിൽ കാൻസർ സ്ക്രീനിംഗ്, വിദ്യാ വാഹിനി സ്കോളർഷിപ്പ് പ്രോഗ്രാം തുടങ്ങിയ ശ്രദ്ധേയമായ പദ്ധതികൾക്ക് അവർ നേതൃത്വം നൽകി.
കേരള അസോസിയേഷൻ ഓഫ് കൊളറാഡോയുടെ (കെഎഒസി) ലിറ്ററേച്ചർ സെക്രട്ടറിയായും യുവയുടെ സെക്രട്ടറിയായും (2019–2021) അവർ പ്രവർത്തിച്ചിട്ടുണ്ട്. ഒരു എഴുത്തുകാരിയും പ്രഭാഷണ കലയുടെ പ്രചാരകയുമായ രേഷ്മ, കെഎച്ച്എൻഎയുടെ പുതിയ യുവജന സംരംഭമായ "കഥാ വാക് ചാതുര്യം - ദി ആർട്ട് ഓഫ് എലക്വന്റ് സ്പീക്കിംഗ്’ എന്ന പദ്ധതിക്ക് നേതൃത്വം നൽകും.
കഥാകഥനത്തിലൂടെ യുവജനങ്ങളുടെ ആത്മവിശ്വാസം, ക്രിയാത്മകത, സംസാര വൈദഗ്ധ്യം എന്നിവ വികസിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഡാളസിലെ അർക്ക എനർജിയിൽ വെയർഹൗസ് മാനേജരായി സേവനമനുഷ്ഠിക്കുന്ന രേഷ്മ, 13 ഇംഗ്ലീഷ് പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഒരു എഴുത്തുകാരി കൂടിയാണ്.
രേഷ്മ രഞ്ജൻ കൃഷ്ണ രഞ്ജന്റെയും രതി രഞ്ജന്റെയും മകളാണ്. ഐടി പ്രഫഷണലായ ജയൻ കോടിയത്ത് മനോൾ ആണ് ഭർത്താവ്. നന്ദ, വേദ എന്നിവരാണ് മക്കൾ. വിവിധ സംഘടനകളിലെ ദീർഘകാല പ്രവർത്തന പരിചയവും യുവജന ശാക്തീകരണത്തിലും സാമൂഹിക സേവനത്തിലുമുള്ള രേഷ്മ രഞ്ജന്റെ അചഞ്ചലമായ പ്രതിബദ്ധതയും കെഎച്ച്എൻഎയ്ക്ക് വലിയ മുതൽക്കൂട്ടാകും.
ഡാളസ് മേഖലയിലെ കെഎച്ച്എൻഎയുടെ പ്രവർത്തനങ്ങൾക്ക് രേഷ്മയുടെ നേതൃത്വം നിർണായകമാകും എന്ന് കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവരും രേഷ്മ രഞ്ജന്‍ ആശംസകൾ നേർന്നു.
NRI
ഒട്ടാവ: കാനഡയിലെ സാമൂഹിക - സംഘടനാ നേതാവായ മാത്യു ജോണ്‍ ഫൊക്കാനയുടെ 2026 - 28 തെരഞ്ഞെടുപ്പില്‍ ബ്രിട്ടിഷ് കൊളംബിയ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലീലാ മാരേട്ട് പാനലില്‍ മത്സരിക്കുന്നു.
കഴിഞ്ഞ 40 വര്‍ഷമായി വിവിധ സംഘടനകളില്‍ എക്സിക്യൂട്ടീവ് പദവികള്‍ വഹിച്ചുവരുന്ന അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധത തികച്ചും മാതൃകാപരമാണ്.
സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ മാത്യു തന്റെ പ്രഫഷണല്‍ തിരക്കുകള്‍ക്കിടയിലും മത-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന വ്യക്തിയാണ്.
വിവിധ നേതൃപദവികള്‍ അലങ്കരിച്ച ജോണ്‍ മാത്യു സെയില്‍സ് കണ്‍സള്‍ട്ടന്റായി 35 വര്‍ഷം ജോലി ചെയ്തു. നാട്ടില്‍ സെന്റ് മേരീസ് കോളജ് അധ്യാപകനായിരുന്നു.
കേരള കള്‍ച്ചറല്‍ അസോസിയേഷന് ഓഫ് ബ്രിട്ടിഷ് കൊളംബിയയുടെ പ്രസിഡന്റായി ഒമ്പത് വര്‍ഷം സേവനം ചെയ്തു. 40 വര്‍ഷമായി ഡയറക്ടര്‍ ഓഫ് സെന്റര്‍ ഫോര്‍ ഗ്ലോബല്‍ മിഷനില്‍ സേവനം അനുഷ്ഠിച്ചു.
ചര്‍ച്ച് ബോര്‍ഡ് അംഗമായും അനേക വര്‍ഷങ്ങള്‍ ജോലി ചെയ്തു. 1985ല്‍ കാനഡയില്‍ കുടിയേറിയ ജോണ്‍ മാത്യു ടീം എംപവറില്‍ ഒരു ശക്തിതന്നെയാണെന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.
NRI
ടൊറന്റോ: കാനഡ മലയാളി ജോസി കാരക്കാട്ട് ഫൊക്കാനയുടെ 2026 - 2028 ഭരണസമിതിയിൽ വൈസ് പ്രസിഡന്റായി ഫിലിപ്പോസ് ഫിലിപ്പ് നേതൃത്വം കൊടുക്കുന്ന പാനലിൽ മത്സരിക്കുന്നു.
ഇപ്പോഴത്തെ ആർവിപിയായ ജോസി കാനഡയിൽ ഫൊക്കാനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും കൂടുതൽ സംഘടനകളെ സംഘടനയുടെ ഭാഗമാക്കുന്നതിലും വലിയ പങ്കുവഹിക്കുന്നു.
കാനഡ മലയാളി സമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക സാമുദായിക മണ്ഡലങ്ങളിൽ കരുത്തുറ്റ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജോസി കാരക്കാട്ട് ഫൊക്കാനയുടെ നിരവധി പരിപാടികൾക്ക് നേതൃത്വം നൽകി.
ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗമായി രണ്ട് ടെം പ്രവർത്തിച്ചു. 2016ൽ കാനഡയിൽ നടന്ന ഫൊക്കാന കൺവൻഷന്റെ ഗ്രാൻഡ് സ്പോൺസറുമായിരുന്നു.
ടൊറന്റോ മലയാളി സമാജത്തിന്റെ (ടിഎംഎസ്) ട്രസ്റ്റി ബോർഡ് ചെയർമാനായി പ്രവർത്തിച്ച ജോസി കാരക്കാട്ട്, അസോസിയേഷന്റെ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചു. സ്കൂൾ ജനറൽ സെക്രട്ടറിയായി തുടങ്ങിയ ജോസി കോളജ് തലങ്ങളിൽ എൻസിസി നേതാവായും തിളങ്ങി.
സെന്റ് തോമസ് സീറോമലബാർ ചർച്ച് ടൊറണ്ടോയുടെ യുവജന സംഘടന ഉൾപ്പെടെ വിവിധ കമ്മിറ്റികളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ചർച്ചിന്റെ പാരീഷ് കമ്മിറ്റി അംഗം, ട്രഷറർ, ബിൽഡിംഗ് കമ്മിറ്റി ചെയർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ച ജോസി അറിയപ്പെടുന്ന ഒരു ചാരിറ്റി പ്രവർത്തകൻ കൂടിയാണ്.
പ്രമുഖ റിയൽട്ടർ കൂടിയായ ജോസി ലൈസൻസിഡ് ഇൻകം ടാക്സ് ഈ ഫൈലർ കൂടിയാണ്. ഭാര്യ ലിസി കാരക്കാട്ട്. മക്കൾ: ജിസ്മി കാരക്കാട്ട്, ജോമി കാരക്കാട്ട്, ജൂലി കാരക്കാട്ട്.
വിവിധ കർമരംഗങ്ങളിൽ മികവ് തെളിയിച്ച ജോസിയുടെ പ്രവർത്തനം സംഘടനയ്ക്ക് മുതൽകൂട്ടാവുമെന്നു ഫിലിപ്പോസ് ഫിലിപ്പ് ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: സേവനങ്ങൾ ലഭിക്കാത്ത ജനവിഭാഗങ്ങളിലേക്കു സേവനം വ്യാപിപ്പിക്കാനും സമൂഹത്തിൽ ഗുണകരമായ സ്വാധീനം ചെലുത്തുന്നതിനുമായി ഗവേഷണം വിപുലീകരിക്കാൻ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഗവേഷകരോട് ആഹ്വാനം ചെയ്തു.
2047ൽ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഗവേഷണത്തിനും നൂതനാശയങ്ങൾക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി സന്ദർശിച്ചു സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
ശ്രീ ചിത്രയിലെ ഗവേഷകരും സ്റ്റാർട്ടപ്പ് കന്പനികളും വികസിപ്പിച്ചെടുത്ത വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ പ്രദർശനം അച്യുതമേനോൻ ആരോഗ്യ ശാസ്ത്ര പഠന കേന്ദ്രത്തിൽ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു.ആഗോളതലത്തിൽ അംഗീകാരം നേടിയ, കുറഞ്ഞ ചെലവിൽ നിർമിച്ച ചിത്ര ഹൃദയവാൽവ്, ചിത്ര രക്തബാഗ്, ക്ഷയരോഗം കണ്ടെത്താനുള്ള സ്പോട്ട് ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ തുടങ്ങിയ തദ്ദേശീയ ചികിത്സ ഉപകരണ വികസനത്തിലെ നേട്ടങ്ങളെ അദ്ദേഹം പ്രശംസിച്ചു.
പേറ്റന്റ് അപേക്ഷകൾ, രൂപകൽപന രജിസ്ട്രേഷനുകൾ, വിജയകരമായ സാങ്കേതികവിനിമയങ്ങൾ എന്നിവയിൽ ഇൻസ്റ്റിറ്റ്യൂട്ട് കൈവരിച്ച റിക്കാര്‍ഡ് നേട്ടത്തെയും സി.പി. രാധാകൃഷ്ണൻ പ്രശംസിച്ചു.
അടുത്തിടെ ഉദ്ഘാടനം ചെയ്ത ഒന്പതുനിലകളുള്ള പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന ബ്ലോക്കും അദ്ദേഹം സന്ദർശിച്ചു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ശ്രീചിത്ര ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി, വൈസ് ചാൻസലർമാർ, ഡയറക്ടർമാർ, സ്റ്റാറ്റ്യൂട്ടറി ബോഡി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Kerala
തിരുവനന്തപുരം: ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് ഹെലികോപ്റ്റർ മാർഗം കൊല്ലത്ത് എത്തുന്ന ഉപരാഷ്ട്രപതി ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും.
ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി കെ.എൻ.ബാലഗോപാൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ അംഗങ്ങളുമായി ഉപരാഷ്ട്രപതി സംവദിക്കും.
ചൊവ്വാഴ്ച തിരുവനന്തപുരത്ത് ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയും ഉപരാഷ്ട്രപതി സന്ദർശിക്കും. ഉപരാഷ്ട്രപതിയായ ശേഷമുള്ള സി.പി രാധാകൃഷ്ണന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്.
National
ന്യൂഡൽഹി: ആദ്യമായി കാശി സന്ദർശിച്ചപ്പോൾ താൻ മാംസാഹാരിയായിരുന്നുവെന്നും എന്നാൽ, ഗംഗാനദിയിൽ മുങ്ങിക്കുളിച്ചത് തന്റെ ജീവിതം മാറ്റിയെന്നും സസ്യാഹാരിയാകാൻ പ്രേരിപ്പിച്ചെന്നും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ.
25 വർഷം മുന്‍പുള്ള കാശിയും ഇപ്പോഴത്തെ കാശിയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ഉത്തർപ്രദേശിലെ വാരണാസിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമൊത്ത് പങ്കെടുത്ത പൊതുപരിപാടിയിൽ പ്രസംഗിക്കവെ സി.പി. രാധാകൃഷ്ണൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗിയുടെയും പ്രവർത്തനങ്ങൾ മൂലമാണ് ഈ പരിവർത്തനം സാധ്യമായതെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
NRI
വാഷിംഗ്ടൺ ഡിസി: താൻ ഒരിക്കലും ഹിന്ദുമതത്തെ അവഹേളിച്ചിട്ടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. തന്റെ ഭാര്യ ഉഷ ക്രിസ്ത്യാനിയല്ലെന്നും അവരെ മതം മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും വാൻസ് വ്യക്തമാക്കി.
ഭാര്യയുടെ മതവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു യുഎസ് വൈസ് പ്രസിഡന്റ്. തന്റെ വിമർശകർ ന്ധവെറുപ്പ്’ പ്രചരിപ്പിക്കുകയാണെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ വാൻസ് ആരോപിച്ചു.
ഉഷയുടെ മതത്തെക്കുറിച്ച് വെറുപ്പുളവാക്കുന്ന അഭിപ്രായം പറയുന്നത് ആദ്യത്തെ സംഭവമല്ലെന്നും വാൻസ് സമൂഹമാധ്യമത്തിലെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ തന്റെ ഭാര്യ ഉഷ ക്രിസ്തുമതം സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി വാൻസ് പറഞ്ഞതാണ് വിവാദമായത്.
ഉഷ കുടുംബാംഗങ്ങളോടൊപ്പം ക്രിസ്ത്യൻ ആരാധനാലയത്തിൽ പോകാറുണ്ടെന്നും കുട്ടികൾ ക്രിസ്ത്യൻ വിശ്വാസത്തിലാണ് വളരുന്നതെന്നും വാൻസ് പറഞ്ഞിരുന്നു.
പ്രസ്താവനയെത്തുടർന്ന്, ഉഷയുടെ ഹിന്ദുസ്വത്വത്തോടുള്ള അനാദരവാണ് പ്രകടമാക്കിയതെന്ന് വാൻസിനെതിരേ സോഷ്യൽ മീഡിയയിൽ വൻ വിമർശനം ഉയർന്നിരുന്നു.
Leader Page
ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ എന്ന സി.പി. രാധാകൃഷ്ണൻ ഇനി ഇന്ത്യയുടെ ഉപരാഷ്ട്രപതി. സിപിആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന 68 വയസുള്ള രാധാകൃഷ്ണൻ ഭാവിയിൽ രാഷ്ട്രപതിസ്ഥാനത്തേക്കെത്തിയാലും അദ്ഭുതപ്പെടാനില്ല.
കേരളത്തിന്റെ പ്രിയമിത്രം
കേരളത്തിന്റെയും മലയാളികളുടെയും പ്രിയസുഹൃത്താണ് തമിഴ്നാട്ടിലെ തിരുപ്പൂരിൽ ജനിച്ച രാധാകൃഷ്ണൻ. എറണാകുളത്ത് കയർ ബോർഡിന്റെ ചെയർമാനായി നാലു വർഷം തിളങ്ങി. 2016 മുതൽ 2020 വരെ കൊച്ചിയും കോയന്പത്തൂരും ചെന്നൈയും ഡൽഹിയും കേന്ദ്രീകരിച്ചായിരുന്നു രാധാകൃഷ്ണന്റെ പ്രവർത്തനം. ഇന്ത്യയിൽനിന്നുള്ള കയർ കയറ്റുമതി അക്കാലത്തെ റിക്കാർഡായ 2,532 കോടി രൂപയിലെത്തിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. 2020 മുതൽ 2022 വരെ അദ്ദേഹം ബിജെപിയുടെ കേരളത്തിലെ അഖിലേന്ത്യാ ചുമതലക്കാരനുമായിരുന്നു. കോയന്പത്തൂരും തിരുപ്പൂരുമായുള്ള അടുപ്പത്തേക്കാളേറെയായിരുന്നു രാധാകൃഷ്ണന്റെ കേരള ബന്ധം.
എന്നും കളികളിലെ കേമൻ
മികച്ചൊരു കായികതാരംകൂടിയാണ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദമുള്ള രാധാകൃഷ്ണൻ. ക്രിക്കറ്റും വോളിബോളും ഇഷ്ടമുള്ള രാധാകൃഷ്ണൻ കോളജ് പഠനകാലത്ത് ടേബിൾ ടെന്നീസ് ചാന്പ്യനും ദീർഘദൂര ഓട്ടക്കാരനുമായിരുന്നു. ഏതായാലും കായികരംഗത്തെ മെയ്വഴക്കവും ദീർഘദൂര ഓട്ടത്തിലെ സ്റ്റാമിനയും ബിസിനസ് അഡ്മിനിസ്ട്രേഷനിലെ മികവും രാഷ്ട്രീയത്തിലും പ്രയോജനപ്പെട്ടു. കോയന്പത്തൂരിലെ ചിദംബരം കോളജിലായിരുന്നു ബിബിഎ പഠനം. നലംതികഞ്ഞ ആർഎസ്എസുകാരനും ബിജെപിയുടെ ദക്ഷിണേന്ത്യയിലെ പ്രബലനുമായതിനാൽ രാധാകൃഷ്ണനെ തെരഞ്ഞെടുക്കാൻ നേതൃത്വത്തിനു പ്രയാസമുണ്ടായില്ല.
രാഷ്ട്രീയ എതിരാളികളോടുപോലും സൗഹാർദപരമായി പെരുമാറുന്ന രാധാകൃഷ്ണൻ രണ്ടു തവണ എംപിയും രണ്ടു പ്രബല സംസ്ഥാനങ്ങളിൽ ഗവർണറുമായിരുന്നു. അപ്രതീക്ഷിത പദവികൾ എന്നും തേടിയെത്തിയിട്ടുള്ള അദ്ദേഹത്തിന്, ഇത്തവണ ഉപരാഷ്ട്രപതിസ്ഥാനം കൈവന്നതും തികച്ചും അപ്രതീക്ഷിതമായിത്തന്നെ.
മുൻഗാമികളുടെ ശോഭയിൽ
രാജ്യസഭാ ചെയർമാന്റെ അധികചുമതല കൂടിയുള്ള ഉപരാഷ്ട്രപതിക്കു രാജ്യസഭയിലെ പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുക്കാൻ കഴിയുകയെന്നതു പ്രധാനമാണ്. പ്രഗത്ഭരായ മുൻ ഉപരാഷ്ട്രപതിമാരെപ്പോലെ പ്രവർത്തിക്കാൻ രാധാകൃഷ്ണനു കഴിയുമെന്നു പ്രതീക്ഷിക്കാം. വെങ്കയ്യ നായിഡു, ഹമീദ് അൻസാരി, കെ.ആർ. നാരായണൻ, ശങ്കർദയാൽ ശർമ, ആർ. വെങ്കിട്ടരാമൻ, വി.വി. ഗിരി, സക്കീർ ഹുസൈൻ, എസ്. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള മുൻഗാമികളെപ്പോലെ പക്വതയോടെയും വിവേകത്തോടെയും മാന്യതയോടെയും ചട്ടങ്ങളും കീഴ്വഴക്കങ്ങളും പാലിച്ച് രാജ്യസഭ നിയന്ത്രിക്കുകയെന്നതാണു പ്രധാനം.
ഒന്നര വർഷത്തോളം ജാർഖണ്ഡിലും തുടർന്നു കഴിഞ്ഞവർഷം ജൂലൈ 31 മുതൽ മഹാരാഷ്ട്രയിലും ഗവർണറായിരുന്ന രാധാകൃഷ്ണൻ ആർഎസ്എസിനും ബിജെപിക്കും പ്രിയപ്പെട്ടവനായിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരുകൾക്കു കാര്യമായ തലവേദന സൃഷ്ടിച്ചതുമില്ല. ജാർഖണ്ഡ് ഗവർണറായിരിക്കെ തെലുങ്കാന ഗവർണറുടെയും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറുടെയും അധികച്ചുമതലയുമുണ്ടായിരുന്നു. എംപി, ഗവർണർ തുടങ്ങിയ പദവികളിലെ പരിചയവും സിപിആറിന് കരുത്തേകും.
ജനാധിപത്യത്തിന്റെ വിജയം
‘സമർപ്പണം, വിനയം, ബുദ്ധിശക്തി’ എന്നിവയാൽ വ്യത്യസ്തനാണ് രാധാകൃഷ്ണൻ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. ഏതായാലും നിരവധി പ്രമുഖരെ പരിഗണിച്ച ശേഷമാണു പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയും ചേർന്നു രാധാകൃഷ്ണനെ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയാക്കിയത്. ബിജെപിക്കുള്ളിൽ അസാധാരണമായ ഉയർച്ചയാണെങ്കിലും സിപിആറിന് അർഹതപ്പെട്ട പദവി തേടിയെത്തുകയായിരുന്നു.
പരാജയം ഉറപ്പായിരുന്നെങ്കിലും ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞുവെന്നതിൽ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി മുൻ സുപ്രീം കോടതി ജഡ്ജി ബി. സുദർശൻ റെഡ്ഡിക്ക് അഭിമാനിക്കാം. മാന്യമായ മത്സരങ്ങളാണു ജനാധിപത്യത്തിന്റെ ശക്തി. സുദർശൻ റെഡ്ഡിയെപ്പോലെ രാജ്യമെങ്ങും സഞ്ചരിച്ചു വിപുലമായ പ്രചാരണം നടത്താൻ രാധാകൃഷ്ണനെ ബിജെപി നേതൃത്വം അനുവദിച്ചില്ലെന്ന പ്രതിപക്ഷ ആക്ഷേപം ബാക്കിയാകും.
രഥയാത്രയിലൂടെ തലപ്പത്ത്
1957 മേയ് നാലിനു തിരുപ്പൂരിൽ ജനിച്ച രാധാകൃഷ്ണൻ ആർഎസ്എസ് സ്വയംസേവകനായാണു തുടങ്ങിയത്. ആർഎസ്എസിന്റെ തിരുപ്പൂർ ടൗണ്‍ മേധാവിയും ജില്ലാ മേധാവിയുമായിരുന്നു. 1974ൽ ഭാരതീയ ജനസംഘത്തിന്റെ തമിഴ്നാട് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായി. 1996ൽ തമിഴ്നാട്ടിലെ ബിജെപിയുടെ സെക്രട്ടറിയായി നിയമിച്ചതോടെ ബിജെപിക്കും രാധാകൃഷ്ണനും നല്ലകാലം തുടങ്ങി. 1998ൽ ലോക്സഭാംഗമായതോടെ ദേശീയ ശ്രദ്ധയിലെത്തി.
2004ൽ ബിജെപിയുടെ തമിഴ്നാട് സംസ്ഥാന പ്രസിഡന്റായി രാധാകൃഷ്ണനെ കേന്ദ്ര നേതൃത്വം നിയമിച്ചു. മൂന്നു വർഷം നീണ്ട ഈ കാലയളവിൽ സിപിആർ നടത്തിയ 93 ദിവസത്തെ 19,000 കിലോമീറ്റർ ‘രഥയാത്ര’ ബിജെപിക്ക് പുത്തനുണർവ് നൽകി. ഇന്ത്യയിലെ എല്ലാ നദികളെയും ബന്ധിപ്പിക്കുകയെന്നതു മുതൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക വരെയായിരുന്നു രഥയാത്രയിലെ ആവശ്യങ്ങൾ. പിന്നീടു രണ്ടു പദയാത്രകൾകൂടി അദ്ദേഹം നടത്തിയിട്ടുണ്ട്.
കോയന്പത്തൂർ സ്ഫോടനം
അണ്ണാ ഡിഎംകെ സഖ്യത്തിൽ 1998ൽ കോയന്പത്തൂരിൽനിന്നാണ് ആദ്യമായി രാധാകൃഷ്ണൻ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. എൽ.കെ. അഡ്വാനിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കോയന്പത്തൂരിലുണ്ടായ ബോംബ് സ്ഫോടന പരന്പര ഫലത്തിൽ സിപിആറിനു ഗുണകരമായി. 58 പേർ കൊല്ലപ്പെട്ട സ്ഫോടനങ്ങൾ കോയന്പത്തൂരിൽ ഹിന്ദുത്വ വോട്ടുകളുടെ ധ്രുവീകരണത്തിൽ കലാശിച്ചു. 1,44,676 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെയാണു വിജയിച്ചത്. ഇത് അദ്ദേഹത്തിന്റെ ആദ്യ തെരഞ്ഞെടുപ്പുവിജയം മാത്രമല്ല, തമിഴ്നാട്ടിൽ ബിജെപിയുടെ ആദ്യത്തെ പ്രധാന മുന്നേറ്റവുമായിരുന്നു.
തോൽവിയിലും തളരാതെ
കേന്ദ്രത്തിലെ വാജ്പേയി മന്ത്രിസഭ രാജിവയ്ക്കേണ്ടിവന്നതോടെ 1999ൽ വീണ്ടും നടന്ന തെരഞ്ഞെടുപ്പിൽ കോയന്പത്തൂരിൽനിന്നു രണ്ടാമതും ലോക്സഭാംഗമായി. എംപിയായിരിക്കെ ടെക്സ്റ്റൈൽസിനായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾക്കായുള്ള പാർലമെന്ററി കമ്മിറ്റിയിലും ധനകാര്യ കണ്‍സൾട്ടേറ്റീവ് കമ്മിറ്റിയിലും സ്റ്റോക്ക് എക്സ്ചേഞ്ച് കുംഭകോണം അന്വേഷിച്ച പ്രത്യേക പാർലമെന്ററി കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു.
2004, 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ സിപിആർ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ബിജെപിക്ക് 2004ൽ തമിഴ്നാട്ടിൽ ഒരു സീറ്റുപോലും നേടാനായില്ല. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 225 മണ്ഡലങ്ങളിൽ ഒറ്റയ്ക്കു മത്സരിച്ചപ്പോഴും ബിജെപി വട്ടപ്പൂജ്യമായതു സമീപകാല ചരിത്രം. തുടർതോൽവികളിലും പക്ഷേ സിപിആർ നിരാശനായില്ല.
ധൻകറുടെ വീഴ്ച അവസരമായി
കഴിഞ്ഞ ജൂലൈയിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി പുറത്തു പോയതിന്റെ പൂർണരഹസ്യം ഇനിയും പുറത്തുവന്നിട്ടില്ല. സജീവമായി രാജ്യസഭയെ നിയന്ത്രിച്ചശേഷം രാത്രി ഒന്‍പതു മണിയോടെ രാജിവയ്ക്കാൻ നിർബന്ധിതനായ ധൻകറിന്റെ ഗതികേട്, ചരിത്രത്തിൽ മുന്‍പൊരു ഉപരാഷ്ട്രപതിക്കും ഉണ്ടായിട്ടില്ല. തികച്ചും ഏകപക്ഷീയമായി പ്രവർത്തിച്ച ധൻകറിനെതിരേ പ്രതിപക്ഷം ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയതും അത്യപൂർവമായി.
ധൻകറുടെ രാജിക്കത്തിൽ പറയുന്ന ‘ആരോഗ്യകാരണങ്ങൾ’ ആകില്ല അദ്ദേഹത്തെ രാജിയിലേക്കു നയിച്ചതെന്നു വ്യക്തം. ഒഴിയുന്നതിനു മുന്‍പായി വിടവാങ്ങൽ പ്രസംഗം നടത്താനോ രാജിയുടെ കാരണം പാർലമെന്റിനോടും രാജ്യത്തോടും വിശദീകരിക്കാനോ ഉള്ള അവസരം പോലും അദ്ദേഹത്തിനു നിഷേധിക്കപ്പെട്ടു.
ജസ്റ്റീസ് വർമയുടെ ദുരൂഹത
ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരായി രാജ്യസഭയിൽ പ്രതിപക്ഷം മാത്രം ഒപ്പിട്ടു നോട്ടീസ് നൽകിയ ഇംപീച്ച്മെന്റ് പ്രമേയം സർക്കാരിനോട് ആലോചിക്കാതെ സ്വീകരിച്ചതായി പ്രഖ്യാപിച്ചത് ധൻകറിന്റെ കസേര തെറിച്ചതിൽ ഒരു പ്രധാന കാരണം മാത്രമാകും. മോദിക്കും ഷായ്ക്കും രുചിക്കാത്ത മറ്റെന്തൊക്കെയോ കാരണങ്ങളും ധൻകറിനു വിനയായിരിക്കും. ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന കണക്കിൽപ്പെടാത്ത 15 കോടിയോളം രൂപയുടെ കറൻസി ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽനിന്നു കണ്ടെത്തിയ സംഭവത്തിൽ കേന്ദ്ര പോലീസ് ഇതേവരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതും ഇംപീച്ച്മെന്റ് പ്രമേയം പാസാക്കാതെ പാർലമെന്റ് പിരിഞ്ഞതുമൊക്കെ ഇതിന്റെ ബാക്കിപത്രമാണ്. ഡൽഹി ഹൈക്കോടതിയിൽനിന്ന് അലഹബാദ് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റപ്പെട്ട വർമ ജോലി ചെയ്യാതെ ശന്പളം പറ്റുന്നതു തുടരുകയും ചെയ്യുന്നു.
പ്രതീക്ഷയാകുന്ന സ്വീകാര്യത
‘ഒരു വെടിക്കു പല പക്ഷികൾ’ എന്നതാണു സിപിആറിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർത്തിയതിലൂടെയുള്ള ബിജെപി തന്ത്രം. അടുത്തവർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുകയാണ് ഒരു ലക്ഷ്യം.
കോയന്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം ജില്ലകൾ ഉൾപ്പെടുന്ന കൊങ്കു മേഖലകളിലെ പിന്തുണ ആർജിക്കുന്നതിന് സിപിആറിന്റെ ജാതിസ്വത്വവും രാഷ്ട്രീയ, സംഘ പശ്ചാത്തലവും പ്രയോജനപ്പെടുമെന്നു ബിജെപി കരുതുന്നു. കൊങ്കു വെള്ളാള ഗൗണ്ടർ സമുദായത്തിൽപെട്ടയാളാണ് സിപിആർ.
ആർഎസ്എസിലും ജനസംഘത്തിലും ബിജെപിയിലും സംഘടനാതലങ്ങളിൽ സജീവമായിരുന്നു സിപിആർ.
പാർലമെന്റ് അംഗം എന്ന നിലയിലുള്ള അനുഭവപരിജ്ഞാനവും കൂറും മുഖ്യഘടകമാണ്. ഉപരാഷ്ട്രപതിയെന്ന നിലയിലും രാജ്യസഭാ ചെയർമാന് എന്ന നിലയിലും മോദി- ഷാ നേതൃത്വത്തിനും ബിജെപിക്കും ആർഎസ്എസിനും തികച്ചും വിശ്വസ്തൻ.
തമിഴ്നാട് രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും നാലു പതിറ്റാണ്ടിലേറെ പരിചയസന്പത്തുള്ള രാധാകൃഷ്ണൻ പൊതുവേ സ്വീകാര്യനും ആദരണീയനുമാണ്. ഇതുതന്നെയാണ് പുതിയ ഉപരാഷ്ട്രപതിയെക്കുറിച്ചുള്ള രാജ്യത്തിന്റെ വലിയ പ്രതീക്ഷ.
National
ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു രാജി. അഭിമാനത്തോടെയാണു പടിയിറങ്ങുന്നതെന്ന് എഴുപത്തിനാലുകാരനായ ധൻകർ പറഞ്ഞു. ഇന്നലെയും രാജ്യസഭ നിയന്ത്രിച്ച ധൻകറിന്റെ രാജി ഏവരെയും അദ്ഭുതപ്പെടുത്തി. രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയായി 2022ഓഗസ്റ്റിലാണ് ഇദ്ദേഹം സ്ഥാനമേറ്റത്. 2027 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി. രാഷ്ട്രപതി ദ്രൗപദി മുർമുവിനു രാജിക്കത്ത് കൈമാറി. ഭരണഘടനയുടെ 67(എ) വകുപ്പ് പ്രകാരമാണ് രാജിവച്ചതെന്ന് ധൻകർ പറഞ്ഞു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും നല്കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
1951ൽ രാജസ്ഥാനിലെ ഝുൻഝുനുവിലെ ജാട്ട് കുടുംബത്തിലാണു ധൻകർ ജനിച്ചത്. 1990-1991 കാലത്ത് ചന്ദ്രശേഖർ മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്ന ധൻകർ, ബംഗാൾ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. ലോക്സഭയിലേക്കും നിയമസഭയിലേക്കും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജനതാ ദളിലൂടെ രാഷ്ട്രീയത്തിലെത്തിയ ധൻകർ 1991ൽ കോൺഗ്രസിൽ ചേർന്നു. 2003ൽ ബിജെപിയിലെത്തി. 2019ൽ ബംഗാൾ ഗവർണറായി. ഗവർണറായിരിക്കേ മമത ബാനർജി സർക്കാരുമായി ധൻകർ നിരന്തരം ഏറ്റുമുട്ടലിലായിരുന്നു.